സൈമ അവാര്‍ഡ്സ്: ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത് രണ്‍വീറിന്‌

സൈമ അവാര്‍ഡ്സിനിടെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിന് സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റു. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സുരക്ഷാ ജീവനക്കാരന്റെ അടിയേല്‍ക്കുന്ന രണ്‍വീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സൈമ അവാര്‍ഡ്സ് 2022ന്റെ റെഡ് കാര്‍പറ്റില്‍ രണ്‍വീര്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ നിരവധി പേര്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തു കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിനിടെ അബദ്ധത്തില്‍ സുരക്ഷാ ജീവനക്കാരിലൊരാളുടെ അടി രണ്‍വീറിന്റെ മുഖത്ത് തന്നെ കൊണ്ടു.

അടിയേറ്റ് രണ്‍വീര്‍ കവിള്‍ തടവുന്നതും പിന്നീട് ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ മടങ്ങുന്നതും വീഡിയോയില്‍ കാണാം. അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമുള്ള രംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ദൃശ്യങ്ങളിലുണ്ട്.