ന്യൂഡൽഹി: കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ചിത്രം വിവാദമാകുന്നു. ആർഎസ്എസിന്റെ കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രമാണ് കോൺഗ്രസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്. വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആർഎസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ബിജെപിയും ആർഎസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും. പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. അതേസമയം, കോൺഗ്രസിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ഉടൻ പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിന്റെ ആവശ്യമെന്ന് പാർട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു.
പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയമില്ലെന്നും ബിജെപി പരിഹസിച്ചു. 1984 ൽ രാഹുൽ ഗാന്ധിയുടെ അച്ഛൻ ഡൽഹി കത്തിച്ചുവെന്നും നിക്കർ കത്തിക്കുന്ന ട്വീറ്റ് ഇത് ഓർമിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

