തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം; സുപ്രീംകോടതി‍‍

ന്യൂഡൽഹി: തെരുവ് നായകളെ പരിപാലിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അത് ചെയ്യാമെന്നും എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും സുപ്രീം കോടതി.. നായ്ക്കളെ പോറ്റുന്നവർ അവയ്ക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുനായ ആരെയെങ്കിലും ആക്രമിച്ചാൽ സംരക്ഷിക്കുന്നവർ ചികിത്സാച്ചെലവ് വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ജെ.കെ. മഹേശ്വരിയുടെയും പരാമർശം.

കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിരിജഗൻ കമ്മിഷനാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിഷയത്തിൽ പരിഹാരം നിർദ്ദേശിച്ച് ഈ മാസം 28ന് സുപ്രീം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും തീരുമാനിച്ചു.

കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

താനും നായ്ക്കളെ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. പേ വിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ കേന്ദ്ര ചട്ടം പാലിച്ച് കൊന്ന് കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചു.