ലാവ്‌ലിൻ കേസ്; ഹർജി ചൊവ്വാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ സാധ്യതയില്ല

ന്യൂഡൽഹി: ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാൻ സാധ്യതയില്ല. സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്‌ലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിച്ചു.

മുപ്പതിലേറെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സെപ്തംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഭരണഘടന ബെഞ്ച് കേസുകൾ പൂർത്തികരിച്ചാൽ മാത്രമേ ഈ കേസുകൾ പരിഗണിക്കൂവെന്നാണ് വിവരം.

2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.