തെരുവിൽ കൂടി നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീം കോടതി. തെരുവിൽ കൂടി നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

അപകടകാരികളായ നായ്ക്കളേയും പേവിഷം ബാധിച്ച നായ്ക്കളേയും പ്രത്യേകം കേന്ദ്രങ്ങളിൽ അടച്ചു കൂടേയെന്നാണ് കോടതി ചോദിക്കുന്നത്. കേരളത്തിലെ തെരുവുനായ വിഷയം സംബന്ധിച്ച് സുപ്രീംകോടതിക്ക് മുന്നിലെത്തിയ ഒന്നിലധികം ഹർജികളിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. തെരുവുനായ പ്രശ്നം കേരളത്തിലുണ്ട് എന്നതിനെ അംഗീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അഡ്വ വി കെ ബിജുവാണ് ഹർജിക്കാർക്കായി ഹാജരായത്. പേവിഷബാധയ്ക്കെതിരായ വാക്സിൻ സ്വീകരിച്ച മരണങ്ങളെ സംബന്ധിച്ച് അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.

അതേസമയം, കേരളത്തിലെ തെരുവുനായ പ്രശ്നത്തിൽ ഈ മാസം 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. തെരുവുനായകളെ കൊന്നൊടുക്കരുതെന്ന ഹർജിയുമായി മൃഗസ്നേഹികളും കോടതിയെ സമീപിച്ചിട്ടുണ്ട്.