സാധനങ്ങള്‍ സ്‌റ്റോക്കില്ല; സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിക്കാത്തവര്‍ ഇനിയും ബാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ഡിപ്പോകളില്‍ നിന്ന് യഥാസമയം എത്താത്തതിനാല്‍ കിറ്റിനായെത്തുന്നവരോട് സ്‌റ്റോക്ക്‌ തീര്‍ന്നുപോയെന്ന മറുപടിയാണ് കടയുടമകള്‍ പറയുന്നത്. ഇന്നലെ രാവിലെ മുതല്‍ കിറ്റുകള്‍ വാങ്ങാനായി വന്‍ തിരക്കായിരുന്നു. എന്നാല്‍, വൈകിട്ട് 5വരെ കിറ്റുകള്‍ റേഷന്‍ കടകയിലെത്തിയില്ല.

ഉത്രാടദിനത്തില്‍ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് ഭക്ഷ്യവകുപ്പ് നല്‍കിയിരുന്നത്. ആവശ്യമുള്ള കിറ്റുകള്‍ ഇന്നലെ വൈകിട്ടോടെ റേഷന്‍കടളില്‍ എത്തിച്ചതായാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പറയുന്നത്. 4,5,6,7 തീയതികളിലായാണ് വിതരണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നത്. ഏതെങ്കിലും കാരണത്താല്‍ മുന്‍ നിശ്ചയിച്ച ദിവസങ്ങളില്‍ കിറ്റു വാങ്ങാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.

അതേസമയം, കിറ്റ് ലഭിക്കാതായതോടെ റേഷന്‍കടക്കാരും കാര്‍ഡുടമകളുമായി പലയിടങ്ങളിലും വാക്കേറ്റം നടക്കുകയാണ്. ലോഡിങ് വണ്ടിക്കൂലി ഉള്‍പ്പെടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാക്കുന്നത്. എല്ലാം പാക്കറ്റ് ഉത്പന്നങ്ങളാണ്. ഓണക്കിറ്റില്‍ കശുവണ്ടി 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്. മഞ്ഞ, പിങ്ക് കാര്‍ഡുടമകളില്‍ ഭൂരി ഭാഗം പേരും കിറ്റ് കൈപ്പറ്റിയതായി സപ്ലൈക്കോ വ്യക്തമാക്കി. എന്നാല്‍, നീല, വെള്ള, കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ പത്ത് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആവശ്യമായ സ്റ്റോക്ക് എത്തിക്കാത്തതിനാല്‍ റേഷന്‍കടക്കാര്‍ അതും വെട്ടിചുരുക്കി.