കെഎസ്ആർടിസിയിലെ ശമ്പള വിതരണം; നൂറ് കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി നൂറ് കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുന്നത്. ശമ്പള കുടിശ്ശിക തീർത്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ട് മാസത്തെ ശമ്പളം ചൊവ്വാഴ്ച്ച തന്നെ നൽകുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായും യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

അതേസമയം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടുത്തമാസം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. ആറ് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക. എന്നാൽ, സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗതാഗത മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും യൂണിയനുകൾ വിമർശിച്ചു.