ഡെങ്കിപ്പനി: ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

മഴക്കാലം തുടങ്ങിയാൽ പടർന്നുപിടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി എന്ന ഇനത്തിൽ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കി പരത്തുന്നത്. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

ഡെങ്കിപ്പനി വന്നാൽ രോഗിയുടെ ശരീരത്തിലെ പ്ലേറ്റ്ലെറ്റുകൾ പെട്ടെന്ന് കുറയാൻ തുടങ്ങും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയ്ക്ക് മരണം വരെ സംഭവിച്ചേക്കാനിടയുണ്ട്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ സാധാരണയായി 1.5 ലക്ഷം മുതൽ നാല് ലക്ഷം വരെ പ്ലേറ്റ്‌ലെറ്റുകൾ ഉണ്ടാകും. ഡെങ്കിപ്പനി ബാധിച്ച വ്യക്തിയുടെ പ്ലേറ്റ്ലെറ്റുകൾ 50,000-ത്തിൽ താഴെയായാൽ അയാളുടെ ജീവൻ അപകടത്തിലാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡെങ്കിപ്പനി ബാധിച്ചാൽ രോഗിയുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കണം. ഡെങ്കിപ്പനി ബാധിച്ചവർക്ക് സൂപ്പ്, ശുദ്ധമായ തേങ്ങാവെള്ളം, മാതളനാരങ്ങ, പൈനാപ്പിൾ ജ്യൂസ്, ഫ്രഷ് ഫ്രൂട്ട് ഡ്രിങ്കുകൾ എന്നിവ നൽകണം. ഇത് ക്ഷീണമകറ്റാനും ആരോഗ്യം നേടാനും സഹായിക്കും. ഡെങ്കിപ്പനി രോഗികൾ ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മിക്‌സഡ് വെജിറ്റബിൾ കിച്ച്ഡി, ഓട്‌സ്, പയർ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിച്ചവർക്ക് പ്ലേറ്റ്ലെറ്റ് എണ്ണം വർദ്ധിപ്പിക്കുന്നതിന്, ആട്ടിൻപാൽ കുടിക്കുന്നതും ഗുണപ്രദമാണ്.