കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപി; ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ കുറവുണ്ടായിട്ടില്ല. നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.