പുലിയെ നാട്ടുകാർ തല്ലിക്കൊന്ന സംഭവം; കേസെടുക്കില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്ന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ കൊന്നവർക്കെതിരെ കേസെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

ആത്മരക്ഷാർത്ഥം എന്ന നിലയിൽ ഈ വിഷയത്തിൽ കേസെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. അതിനായി വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതിൽപ്പെട്ടിരുന്നില്ല. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള നടപടിയല്ലേയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് പുലർച്ചെയാണ് ഇടുക്കിയിൽ പുലിയ കൊന്നത്. അമ്പതാംമൈൽ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോൾ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു.

മാങ്കുളം മേഖലയിൽ ഏതാനും നാളുകളായി പുലിയുടെ ശല്യമുണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ പുലിയെ തല്ലിക്കൊന്നത്.