ബൂട്ടിയക്ക് വന്‍ തോല്‍വി; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി കല്യാണ്‍ ചൗബെ

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചു. ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്എഫിന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റാവുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് കല്യാണ്‍ ചൗബെ. പ്രസിഡന്റ് സ്ഥാനത്തേക്ക് ബുട്ടിയക്ക് രണ്ട് സംസ്ഥാന അസോസിയേഷനുകള്‍ പിന്തുണനല്‍കിയിരുന്നു. എന്നാല്‍ ഒരു വോട്ട് മാത്രമാണ് ഇന്ത്യയുടെ മുന്‍ നായകന് ലഭിച്ചത്. 36 സംസ്ഥാന അസോസിയേഷനുകളില്‍ ലഡാക്കിനും ജമ്മു കശ്മീരിനും മാത്രമാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതിരുന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്കായി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കല്യാണ്‍ ചൗബേക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബൂട്ടിയ പറഞ്ഞു. കല്യാണ്‍ ചൗബേക്ക് കീഴില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് മുന്നോട്ടു കുതിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തന്നെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ബൂട്ടിയ പറഞ്ഞു. 14 അംഗ എക്‌സിക്യൂട്ടീവിനെയും വിശിഷ്ട താരങ്ങളെയും ഇന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. വിശിഷ്ട താരങ്ങളില്‍ മലയാളി താരം ഐ എം വിജയനുമുണ്ട്.