ഓണം വിപണി; വിലക്കയറ്റത്തിന് തടയിടാൻ സഹകരണ ഓണ ചന്തകൾക്ക് കഴിഞ്ഞുവെന്ന് വി എൻ വാസവൻ

തിരുവനന്തപുരം: കേരളത്തിലെ ഓണം വിപണിയിലെ വിലക്കയറ്റത്തിന് തടയിടാൻ സഹകരണ ഓണ ചന്തകൾക്ക് കഴിഞ്ഞതായി സഹകരണ മന്ത്രി വിഎൻ വാസവൻ. ഓണച്ചന്തയിൽ 13 ഇനം നിത്യോപയോഗസാധനങ്ങൾ 50% വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% – 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാക്കുവാനാണ് തീരുമാനിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തത്. എന്നാൽ വിപണിയിലെ വിലകയറ്റം മൂലം ഇപ്പോൾ 60 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ ഇവിടെ നിന്ന് വാങ്ങാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഗുണമേന്മയിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സാധനങ്ങൾ എത്തിച്ചത്. സാധനങ്ങളിൽ ചിലതിന് സർക്കാർ നിശ്ചയിച്ച ഗുണനിലവാരം ഇല്ലെന്ന് കണ്ടപ്പോൾ അത് തിരികെ നൽകി മികച്ച ഉത്പന്നം വാങ്ങിയാണ് ജനങ്ങൾക്ക് നൽകിയത്. ഒരു വിട്ടുവീഴ്ച്ചയും പാടില്ലന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഇത്തവണ ഓണചന്തകളിൽ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. പല മേഖലകളിലും പച്ചക്കറികളും പലവ്യഞ്ജന ഉത്പന്നങ്ങളും ഒന്നിച്ച് സഹകരണ ഓണചന്തകൾ, ഗ്രാമീണ ചന്തകൾ എന്നീ പേരുകളിലും ഓണം വിപണി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) – 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നീ വിലയ്ക്കാണ് പ്രധാന സബ്സിഡി ഇനങ്ങൾ നൽകുന്നത്. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ വിൽക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് സഹകരണമേഖലയുടെ ഉത്പന്നങ്ങൾ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലൂടെയും വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ത്രിവേണി ഔട്ട്‌ലെറ്റുകളിൽ സഹകരണ കോർണ്ണർ എന്ന പ്രത്യേക സ്ഥലം ഒരുക്കിയാണ് ഇവയുടെ വിൽപ്പന. 344 ഉത്പന്നങ്ങളാണ് ഇത്തരത്തിൽ ഓണ വിപണിയിൽ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓണം വിപണി ആരംഭിച്ച് നാലുദിവസം പിന്നിട്ടു കഴിഞ്ഞപ്പോൾ വിപണിയിലെക്ക് ശേഖരിച്ച സാധനങ്ങയുടെ 25 ശതമാനം വിൽപ്പന നടന്നു. വലിയ തിരക്കാണ് വിപണികളിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി മാറും. 341 രൂപ വിലയുള്ള മിൽമയുടെ ഓണകിറ്റ് 297 രൂപയ്ക്കും കാഷ്യൂ ഡെവലപ്പ്മെന്റ് കോർപറേഷന്റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിലും ഓണചന്തയിലൂടെ വിൽപന നടത്തുണ്ട്. മിൽമയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇത്തവണ ഓണവിപണിക്കായി വാങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.