ഗൾഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസൻസിന് നോർക്ക റൂട്ട്‌സ് വഴി പരിശീലനം; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസൻസിന് നോർക്ക റൂട്ട്‌സ് വഴി പരിശീലനം. സെപ്തംബർ 6 വരെ ഇതിനായി അപേക്ഷിക്കാം വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് മുഖേന നോർക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടിയിലേയ്ക്ക് സെപ്തംബർ ആറു വരെ അപേക്ഷ നൽകാം.

ബിഎസ്‌സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്‌സിംഗ് രംഗത്ത് കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്കും നോർക്ക റൂട്ട്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും. വിദേശ രാജ്യങ്ങളിൽ നഴ്‌സിംഗ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്.

HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ അംഗീകൃത സ്ഥാപനമായ NICE ACADEMY വഴിയാണ് പരിശീലനം.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോർക്ക റൂട്ട്സ് വഹിക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്ക് പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവർ സെപ്തംബർ 6 ന് മുൻപ് www.norkaroots.org വെബ് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800-425-3939 ൽ ബന്ധപ്പെടാവുന്നതാണ്.