നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ ഈ മാസം 26ന് കോടതി വിശദമായ വാദം കേള്‍ക്കും.

മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടാന്‍ പോകുന്നത്.

അതേസമയം, കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതിയി ആദ്യം തള്ളിയിരുന്നു. ശേഷം സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു കോടതി ഉത്തരവ്.