ജോജു ജോർജിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടൻ ജോജു ജോർജ് കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സം സൃഷ്ടിച്ച കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം, ജോജുവിനെ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നതും ഉൾപ്പെടെയുള്ള പരാതികളും കുറ്റങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസ് വഴിതടയൽ സമരത്തിൽ ജോജു പ്രതികരിച്ചതിന്റെ പേരിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ല എന്ന് ജോജു നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇടപ്പള്ളി -വൈറ്റില – അരൂർ ബൈപ്പാസിൽ കഴിഞ്ഞ വർഷം കോൺഗ്രസ് വഴിതടയൽ സമരം നടത്തിയിരുന്നു. ഇന്ധന വില വർദ്ധനവിനെതിരെയായിരുന്നു കോൺഗ്രസ് സമരം നടത്തിയത്. സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് നടൻ ജോജു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടർന്ന് വാക്കേറ്റം നടക്കുകയും ഇതിനുപിന്നാലെ ജോജുവിന്റെ വാഹനത്തിന് നേരേ ആക്രമണം നടക്കുകയും ചെയ്തു.ജോജുവിന്റെ വാഹനത്തിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. ജോജു മദ്യപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പിന്നീട് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.