ലഹരി വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍

സംസ്ഥാനത്തെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ പോരാട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം. ലഹരിയില്‍ നിന്ന് വരും തലമുറയെ രക്ഷിക്കാന്‍ അവസാനം വരെ സര്‍ക്കാരിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ‘എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുകയാണ്. കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. കേരളം മയക്കുമരുന്ന് ബാധിത മേഖലയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാന്‍ അധികൃതര്‍ ഇക്കാര്യം മനപൂര്‍വം മറച്ചുവെക്കുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയം സഭയില്‍ അവതരിപ്പിച്ച പി.സി വിഷ്ണുനാഥിന് അഭിനന്ദനം അറിയിക്കുകയാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.

എന്നാല്‍, എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്‌കൂളുകളിലേക്ക് ലഹരി എത്തുന്നു. സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി.