കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യം; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് റിപ്പോർട്ട് നൽകി കേന്ദ്ര ജല കമ്മീഷൻ. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയ സാഹചര്യം നിലനിൽക്കുന്നതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

മണിമലയാർ, അച്ചൻകോവിലാർ, തൊടുപുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നത് അപകട സാധ്യത ഉയർത്തുന്നുവെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ഭാരതപുഴ, കരുവന്നൂർ,കീച്ചേരി, ചാലക്കുടി, പെരിയാർ , മീനച്ചൽ,മണിമല,തൊടുപുഴ, അച്ചൻകോവിൽ, പമ്പ എന്നീ നദികളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.