കെജ്രിവാൾ അധികാരത്തിന്റെ ലഹരിയിൽ; രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കെജ്രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയത്തിലാണ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ രംഗത്തെത്തിയത്. മദ്യനയവുമായി ബന്ധപ്പെട്ട് അണ്ണാഹസാരെ കെജ്രിവാളിന് കത്തയക്കുകയും ചെയ്തു.

മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക് അധികാരത്താൽ മത്തു പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മദ്യശാലകൾ പൂട്ടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നിങ്ങൾ മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് കത്തെഴുതുന്നത്. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതിനാലാണ് ഇങ്ങനെ എഴുതുന്നത്. താൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് വളരെ ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാെത ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഉൾപ്പെടെ ഇതിൽപ്പെടും. എന്നാൽ മുഖ്യമന്ത്രിയായതിനു ശേഷം നിങ്ങൾ ആ ആദർശങ്ങളെല്ലാം മറന്നിരിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി.

കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ളവർ ചേർന്നു രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) ഇപ്പോൾ മറ്റു പാർട്ടികളിൽനിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. താൻ നിർദ്ദേശിച്ചിരുന്നതു പോലെ ഒരു സമ്മർദ്ദ സംഘമായി നിൽക്കുകയും ഒരു ബോധവത്ക്കരണ പരിപാടി നടത്തുകയും ചെയ്തിരുന്നെങ്കിൽ, ഇന്ത്യയിൽ ഒരിടത്തും ഇത്തരത്തിൽ തെറ്റായ ഒരു മദ്യനയം രൂപപ്പെടുമായിരുന്നില്ല. ശക്തമായ ഒരു ലോക്പാലും അഴിമതി വിരുദ്ധ നിയമങ്ങളും കൊണ്ടുവരുന്നതിനു പകരം നിങ്ങൾ കൊണ്ടുവന്നത് ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു മദ്യനയമാണെന്നും ഡൽഹിയുടെ ഒരോ മൂലയിലും മദ്യശാലകൾ തുറന്നിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.