കൃത്യമായ കാലാവസ്ഥാ പ്രവചനം; വിദേശം ഏജൻസികളുടെ സേവനം പണം നൽകി വാങ്ങി കേരളം

തിരുവനന്തപുരം: കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ ഉൾപ്പെടെ സേവനം തേടി കേരളം. സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം സംസ്ഥാനം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കേരളത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു റവന്യു മന്ത്രി കെ രാജൻ.

മൂന്നു സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനമാണ് സംസ്ഥാനം പണം നൽകി വാങ്ങാൻ ആരംഭിച്ചത്. ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്‌കൈമേറ്റ്, അമേരിക്കൻ ഏജൻസികളായ എർത്ത് നെറ്റ്‌വർക്‌സ്, ഐ ബി എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങളാണ് കേരളം പണം നൽകി വാങ്ങിയത്. കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെടെ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യം കണക്കിലെടുത്ത് വിഷയം പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഏജൻസികളുടെ സഹായം തേടാൻ സർക്കാർ തീരുമാനിച്ചത്.