ഇന്ന് അത്തം. ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം പിറന്നു. അത്തം പിറന്ന് പത്താം ദിവസമാണ് തിരുവോണം. കോവിഡ് മഹാമാരി തീർത്ത ദുരിതക്കയങ്ങളിൽ നിന്നും കരകയറിയ ശേഷമുള്ള ആദ്യ ഓണമാണിത്. അതിനാൽ തന്നെ ഇത്തവണയുള്ള ഓണാഘോഷത്തിന് അൽപം നിറം കൂടുതലാണ്.
ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. മഹാബലി, പരശുരാമൻ, ശ്രീബുദ്ധൻ, ചേരമൻ പെരുമാൾ, സമുദ്രഗുപ്തൻ എന്നിവരുമായി ബന്ധപ്പെട്ട് ഓണ ഐതീഹ്യങ്ങളുണ്ട്. എന്നാൽ, ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. അസുരരാജാവായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. തുടർന്ന്
വാമനനായി അവതാരമെടുത്ത മഹാവിഷ്ണു മഹാബലിയ്ക്ക് അരികിലെത്തി ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ഉടനെ ഭീമാകാരനായി വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും വാമനൻ അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. കൂട്ടത്തിൽ ഒരു അനുവാദവും മഹാബലിയ്ക്ക് വാമനൻ നൽകി. വർഷത്തിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരാം. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു. ഇതാണ് ഓണമെന്നാണ് ഐതിഹ്യം.

