കനത്ത മഴയില്‍ എറണാകുളത്ത് റെയില്‍വെ സിഗ്നലുകള്‍ തകരാറില്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ റെയില്‍ട്രാക്കില്‍ വെള്ളം കയറുകയും റെയില്‍വേ സിഗ്‌നലുകള്‍, ജംഗ്ഷന്‍ സിഗ്‌നലുകള്‍ എന്നിവ പ്രവര്‍ത്തരഹിതമാവുകയും ചെയ്തു.

അതിനാല്‍, മിക്ക ട്രെയിനുകളും ഇന്ന് വൈകി ഓടുമെന്നാണ് അറിയിപ്പ്. ദീര്‍ഘദൂര ട്രെയിനുകളടക്കം പിടിച്ചിടേണ്ട സാഹചര്യമുണ്ടായി. ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു. ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും.

മാറ്റം വരുത്തിയ ട്രെയിനുകള്‍ അറിയാം

ട്രെയിന്‍16650 നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ്സ് എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സര്‍വീസ് നടത്തിയുള്ളൂ. 12618 നിസാമുദ്ദിന്‍ – എറണാകുളം മംഗള എക്‌സ്പ്രസ്സ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. 12081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സര്‍വീസ് നടത്തും.