ദിലീപിനെ സഹായിക്കാനായി വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിക്കാനായി വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച്ച കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഷോൺ ജോർജിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഡിജിപി ബി. സന്ധ്യ, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ് എന്നിവരും ഏതാനും മാദ്ധ്യമ പ്രവർത്തകരുമാണ് ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്നാണ് സാക്ഷികൾ നൽകിയിരിക്കുന്ന മൊഴി.

അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചതാണ് ഈ ഗ്രൂപ്പെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. മാദ്ധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ അയച്ചതിനെ തുടർന്നാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഷോണിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പോലീസിനോട് വെളിപ്പെടുത്തിയത്. അനൂപിന് സ്‌ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന നടന്നത്. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്റെ ഓഫീസിലും പരിശോധന നടന്നു. എന്നാൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്.പിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും പി.സി. ജോർജ് വ്യക്തമാക്കി.