കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർ്ദ്ദേശം നൽകിയത്. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളിൽ ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന് കോടതി വ്യാഴാഴ്ച്ച വരെ സമയം അനുവദിക്കുകയും ചെയ്തു. അടച്ചിട്ട മുറിയിലാണ് വിചാരണക്കോടതി മാറ്റണമെന്നും, വിചാരണ സ്റ്റേ ചെയ്യണമെന്നുമുള്ള അതിജീവിതയുടെ ആവശ്യങ്ങളിൽ ഹൈക്കോടതി വാദം കേട്ടത്.
കോടതി മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നത് മുതിർന്ന അഭിഭാഷകർക്ക് മാത്രമായിരുന്നു.കൂടുതൽ പൊലീസ് സന്നാഹത്തെ കോടതിക്ക് പുറത്ത് വിന്യസിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
രണ്ടാഴ്ച സമയമാണ് ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, കോടതി ഇത് അനുവദിച്ചില്ല. ഇതിനായി വ്യാഴാഴ്ച വരെ സമയം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹർജി സമർപ്പിച്ചത്.

