തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകാൻ സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും. .
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

