ജീവനക്കാര്‍ക്ക് ഗര്‍ഭ കാലത്ത് സാരിയുടുക്കാമെന്ന് വനംവകുപ്പിന്റെ ഉത്തരവ്‌

മാനന്തവാടി: യൂണിഫോം തസ്തികയില്‍ ജോലിചെയ്യുന്ന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ഗര്‍ഭകാലത്ത് യൂണിഫോം ധരിക്കുന്നതില്‍ ഇളവു നല്‍കുമെന്ന ഉത്തരവുമായി വനംവകുപ്പ്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) ഡോ. പി. പുകഴേന്തിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഗര്‍ഭകാലത്തിലെ ആറാംമാസംമുതല്‍ വനംവകുപ്പ് നിലവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യൂണിഫോമിനു പകരം ജീവനക്കാര്‍ക്ക് കാക്കിസാരിയും ബ്ലൗസും ജോലിസമയത്ത് ധരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. റെയ്ഞ്ചര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ആശ്വാസമാകും.

അതേസമയം, വനിതാ ജീവനക്കാരുടെ ശാരീരികബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനൊപ്പം പുതിയ തീരുമാനം മനോവീര്യം വര്‍ധിപ്പിക്കുമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.