ജമ്മു കശ്മീരിൽ സൈന്യം വധിച്ച പാക് ഭീകരരുടെ പക്കലുണ്ടായിരുന്നത് ചൈന നിർമ്മിച്ച ആയുധങ്ങൾ; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം വധിച്ച പാക് ഭീകരരുടെ പക്കലുണ്ടായിരുന്നത് ചൈന നിർമ്മിച്ച ആയുധങ്ങളെന്ന് കണ്ടെത്തൽ. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക് ഭീകരർ ഉപയോഗിച്ചിരുന്നത് ചൈനീസ് നിർമ്മിത തോക്കുകളാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ഇവരെ സൈന്യം വെടിവെച്ചത്. എ.കെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം16 തോക്ക്, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയ ആയുധങ്ങളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ആദ്യമായാണ് ചൈനീസ് നിർമിത ആയുധങ്ങൾ പാക് ഭീകരരിൽ നിന്ന് കണ്ടെത്തുന്നതെന്ന് സൈന്യം അറിയിച്ചു. പാക് നിർമിത ബാഗും നാല് സിഗരറ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്‌സും ഉൾപ്പെടെയുള്ളവയും പിടിച്ചെടുത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തീവ്രവാദം തടയാൻ പോലീസും സേനയും യോജിച്ചു നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.