സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഭൂട്ടാനും; വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചു

ഭൂട്ടാൻ: സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഭൂട്ടാനും. വിദേശനാണ്യ ശേഖരം ഇടിഞ്ഞതിനെ തുടർന്ന് വാഹനങ്ങളുടെ ഇറക്കുമതി ഭൂട്ടാൻ നിരോധിച്ചു. നിരോധനം ആറുമാസം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021 ഏപ്രിലിൽ 1.46 ബില്യൺ ഡോളറായിരുന്ന ഭൂട്ടാന്റെ വിദേശ നാണ്യശേഖരം ഡിസംബറിൽ 970 മില്യൺ ഡോളറായി ഇടിഞ്ഞിരുന്നു.

20000 ഡോളറിൽ താഴെ വിലയുള്ള യൂട്ടിലിറ്റി വാഹനങ്ങൾ, ട്രാക്ടറുകൾ, വിനോദ സഞ്ചാര മേഖലയിൽ ഉപയോഗിക്കുന്നവ തുടങ്ങി ഏതാനും വിഭാഗത്തിലുള്ളവയുടെ ഇറക്കുമതി മാത്രമാവും ഇനി ഭൂട്ടാനിൽ അനുവദിക്കുക. ഈ വർഷം ജൂൺ വരെ 8,000-ലധികം വാഹനങ്ങൾ ആണ് ഭൂട്ടാനിൽ ഇറക്കുമതി ചെയ്തിരുന്നത്. കുറഞ്ഞത് 12 മാസത്തെ ഇറക്കുമതിക്കാവശ്യമായ കരുതൽ ശേഖരം രാജ്യം നിലനിർത്തണം എന്നതാണ് ഭൂട്ടാൻ ഭരണഘടനയിലെ വ്യവസ്ഥ. യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധന-ധാന്യവിലയിലുണ്ടായ വർധനവും കോവിഡ് നയങ്ങൾ വിനോദ സഞ്ചാര മേഖലയെ തകർത്തതും കാരണമാണ് ഭൂട്ടാൻ സാമ്പത്തിക പ്രതിസന്ധിയിലായത്.

2021 കാലയളവിൽ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് 867.7 മില്യൺ ഡോളറിന്റെ സാധനങ്ങളാണ് കയറ്റി അയച്ചത്. ധാതു എണ്ണ, ഓയിൽ, വാഹനങ്ങൾ, ഇലക്ട്രോണിക്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഭൂട്ടാനിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്.