സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയൊന്‍പതാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നവബര്‍ 8ന് വിരമിക്കുന്നതിനാല്‍ 74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനാകുക.

സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുന്‍പ് നിരവധി കേസുകളില്‍ അഭിഭാഷകന്‍ ആയി അദ്ദേഹം ഹാജരായിരുന്നു. ഷൊറാബുദ്ദീന്‍ ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകനും, 2ജി സെപക്ട്രം കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറും ലളിത് ആയിരുന്നു. പിന്നീട് സുപ്രീംകോടതി ജഡ്ജിയായപ്പോള്‍ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്‌സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചില്‍ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. ലാവലിന്‍ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു. ലളിത്.

1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ഉദയ് ഉമേഷ് ലളിത് എന്ന യു.യു ലളിത് മുപ്പത്തിയൊമ്പത് വര്‍ഷത്തിനിപ്പുറമാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തുന്നത്. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു ലളിതിന്റെ ജനനം. പിതാവ്, മുന്‍ ജഡ്ജിയായിരുന്ന യു.ആര്‍.ലളിതിന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം അഭിഭാഷക വൃത്തിയിലേക്കെത്തുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വര്‍ഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.