ഒമ്പത് മാസത്തിനകം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാകും; കൊച്ചി മെട്രോ എംഡി

കൊച്ചി: ഒമ്പത് മാസത്തിനകം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ. ഇരു നഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയതിന് ശേഷമേ അനുയോജ്യമായ മെട്രോ ഏതെന്ന് തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക സംവിധാനങ്ങൾ അനുകൂലമായാൽ ഒക്ടോബറിൽ വാട്ടർ മെട്രോ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ കൊണ്ടു വരുന്നതിന് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം കെഎംആർഎൽ ആരംഭിച്ചു. ഇരു നഗരങ്ങളിലും മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമഗ്ര ഗതാഗത പദ്ധതിയിൽ തയ്യാറാക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമ്പരാഗത മെട്രോ വേണോ ലൈറ്റ് മെട്രോ വേണോ നിയോ മെട്രോ ആണോ അനുയോജ്യമാകുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. 8 മുതൽ 9 മാസത്തിനുള്ളിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് 26 കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൂരത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക. പരമ്പരാഗത മെട്രോ ആണെങ്കിൽ കിലോമീറ്ററിന് 200 കോടിയും ലൈറ്റ് മെട്രോയ്ക്ക് കിലോമീറ്ററിന് 150 കോടിയും നിയോ മെട്രോയ്ക്ക് കിലോമീറ്ററിന് 60 കോടിയുമാണ് ചെലവ് വരിക. ഇരു നഗരങ്ങളിലും ഒരേ സമയം നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് കരുതുന്നത്. വാട്ടർ മെട്രോയ്ക്കു വേണ്ടി ഷിപ്‌യാർഡ് നാല് ബോട്ടുകളാണ് നിലവിൽ നിർമ്മിച്ചു കൈമാറിയിരിക്കുന്നത്. അഞ്ചാമത്തെ ബോട്ടു കൂടി ലഭിച്ചാൽ ഒക്ടോബറിൽ വാട്ടർ മെട്രോ ആരംഭിക്കും. ആദ്യ സർവീസ് വൈപ്പിനിലേക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സോളാറിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട കൊച്ചി മെട്രോയിൽ പുതിയ ഒരു പ്ലാന്റ് കൂടി പ്രവർത്തനം തുടങ്ങി. മുട്ടം യാർഡിൽ 655 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ ഉൽഘാടനം ചെയ്തു. യാർഡിൽ റോഡിന് മുകളിൽ എലിവേറ്റർ സ്ട്രക്ച്ചറുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 58 ശതമാനവും സോളാറിൽ നി്ന്ന് ഉൽപ്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം ആർ എൽ മാറി. ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന നിലയിലേക്ക് കെ.എം.ആർ.എൽ മുന്നേറുകയാണ്. സോളാർ വൈദ്യുതി ഉൽപ്പാദനം 10.5 മെഗാവാട്ടായി ഇപ്പോൾ ഉയർന്നു. ചടങ്ങിൽ ഡയറക്ടർ സിസ്റ്റംസ് ഡി.കെ സിൻഹ, ജനറൽ മാനേജർമാരായ എ.മണികണ്ഠൻ, മിനി ഛബ്ര, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.എസ് റെജി , മാനേജർ എൽ അൻഡ് ഈ ശക്കീബ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും കൂടുതൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്കിടയിൽ മുൻനിര സ്ഥാനമാണ് കെ.എം.ആർ.എല്ലിനുള്ളത്. മുട്ടം യാർഡിന് സമീപമുള്ള ട്രാക്ക് ഏരിയയും റോഡ് ഏരിയയും തരിശായി കിടന്ന ഭൂമിയുമാണ് സോളാർ പാടമാക്കി മാറ്റിയത്. ട്രയിൻ പാളത്തിന് മുകളിൽ വരെ പാനലുകൾ സ്ഥാപിച്ച് സോളാർ വൈദ്യുതി ഇന്ത്യയിൽ ആദ്യമായി ഉൽപ്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. ഇത്തരത്തിൽ ട്രാക്കിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് 5.191 മെഗാവാട്ട് വൈദ്യുതി ഫേസ് 3 സോളാർ പ്രൊജക്റ്റ് വഴി കെഎംആർഎൽ ഉത്പാദിപ്പിച്ച് തുടങ്ങി.

ട്രെയിൻ ഗതാഗതം തടസപ്പെടാതെ ട്രാക്കിന് മുകളിൽ എഴ് മീറ്റർ ഉയരത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചു തുടങ്ങിയതോടെ ആകാശത്തുനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യ മെട്രോയായി. സോളാർ പാനലുകൾ സ്ഥപിക്കുക വഴി പ്രതിവർഷം 3.4 ലക്ഷം ടൺ കാർബൺ എമിഷനാണ് കുറയ്ക്കാൻ കഴിയുക.5.4 ലക്ഷം തേക്ക് മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഗുണങ്ങൾക്ക് തുല്യമാണ് ഇത്.