രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ; പട്ടിക പുറത്തുവിട്ട് യുജിസി

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 21 സർവകലാശാലകൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകാൻ യോഗ്യതയില്ലെന്ന് കണ്ടെത്തി യുജിസി. ഈ സർവ്വകലാശാലകൾ വ്യാജമാണെന്ന് യുജിസി അറിയിച്ചു. യുജിസി ആക്ടിന് വിരുദ്ധമായാണ് ഇവയുടെ പ്രവർത്തനമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാലയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഭൂരിഭാഗം വ്യാജ സർവകലാശാലകളും പ്രവർത്തിക്കുന്നത് ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ്. എട്ടു സർവകലാശാലകളാണ് ഡൽഹിയിൽ മാത്രം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, വിശ്വകർമ്മ ഓപ്പൺ സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളാണ് അനധികൃതമായി പ്രവർത്തിക്കുന്നതെന്ന് യുജിസി അറിയിച്ചു.

ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി ഉൾപ്പെടെ ഏഴു സർവകലാശാലകളാണ്. മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഓരോ സർവകലാശാലകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും യുജിസി വ്യക്തമാക്കി.