സംസ്ഥാനത്ത് പ്ലസ് വണ്‍, വിഎച്ച്എസ്ഇ ക്ലാസുകള്‍ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍, വിഎച്ച്എസ്ഇ ക്ലാസുകള്‍ തുടങ്ങി. നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇരു വിഭാഗങ്ങളിലുമായി സ്‌കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. 389 സ്‌കൂളുകളിലായി, മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഇന്ന് വൈകീട്ട് പൂര്‍ത്തിയാകുന്നതോടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് തുടങ്ങും.

അതേസമയം, ‘ഇത്തവണ അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കിട്ടും. ആഗ്രഹിച്ച സ്‌കൂളുകളിലോ, കോഴ്‌സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാല്‍, എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണ്. എല്ലാവര്‍ക്കും അഡ്മിഷന്‍ ഉറപ്പാക്കാന്‍ 89 ബാച്ചുകള്‍ പുതുതായി അനുവദിച്ചു, 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ അക്കാദമിക് മുന്നേറ്റം ഉണ്ടാക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിലാകും ഇത്തവണ ക്ലാസുകള്‍. അക്കാദമിക് ആയി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ഹയര്‍സെക്കണ്ടറി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി ഗൈഡന്‍സ് നല്‍കും’- വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

എ്‌നനാല്‍, ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും, മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്ക് ശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.