എന്‍എച്ച്എഐ ഫണ്ട് നല്‍കിയാല്‍ ദേശീയപാതയിലെ കുഴികള്‍ അടക്കാമെന്ന് പൊതുമരാമത്ത് മന്ത്രി

കോഴിക്കോട്: എന്‍എച്ച്എഐക്ക് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാനുള്ള സഹായം നല്‍കാന്‍ സന്നദ്ധമെന്ന്‌ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

‘ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാന്‍ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാം. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ക്കശ നടപടിയെടുക്കും’- മന്ത്രി വ്യക്തമാക്കി.