കിഫ്ബിയിൽ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ല; തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്ന കാര്യത്തിൽ ഞങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കിഫ്ബിയിൽ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തിൽ തങ്ങൾക്ക് തർക്കമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബി സർക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്റെ നടപടികൾ ശരിയല്ല. പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ പരിധിയിൽ വരുമെന്ന കാര്യത്തിൽ ഉറപ്പാണ്. തങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്. എന്നാൽ, ഇഡിക്ക് അതിൽ നിയമാധികാരവും ഇല്ല. കള്ളപ്പണ ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ടാണ് അവരുടെ അധികാരപരിധി. കള്ളപ്പണമല്ല. കൂടുതൽ പലിശയ്ക്ക് കടമെടുത്ത നടപടിയുടെ പേരിലാണ് ആരോപണം. മസാല ബോണ്ട് എടുത്ത ഈ സംഭവം ഇഡിയുടെ അധികാര പരിധിയിൽ വരുന്നതല്ല എന്നാണ് തന്റെ വിശ്വാസമെന്നും തോമസ് ഐസക്കിന് നോട്ടീസ് നൽകിയതിൽ ഒരു പ്രസക്തിയുമില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

എന്നാൽ, പ്രതിപക്ഷം ഇ.ഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം. യുഡിഎഫിന് ഇഡിയുടെ കാര്യത്തിൽ കേന്ദ്രത്തിലും കേരളത്തിലും ഇരട്ടനിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.