കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പരിസ്ഥിതിലോല മേഖലകളിൽ നിന്നൊഴിവാക്കി; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പരിസ്ഥിതിലോല മേഖലകളിൽ നിന്നൊഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റർ വരെ പരിസ്ഥിതി ലോല മേഖലകളാക്കുക എന്ന 2019ലെ സർക്കാർ ഉത്തരവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയത്.

ബഫർ സോണിൽ നിന്ന് സർക്കാർ, അർദ്ധ സർക്കാർ, പൊതു സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ വലിയ ആശങ്കകളുണ്ടായതിന് പിന്നാലെയാണ് ചർച്ചകൾക്കൊടുവിൽ സർക്കാർ ഉത്തരവ് തിരുത്തിയത്.

സംരക്ഷിത മേഖലകൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ജനവാസ മേഖലകളെക്കൂടി ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച സർക്കാർ ഉത്തരവാണ് പുതിയ ഉത്തരവ് പുറത്തിറങ്ങുന്നതോടെ റദ്ദാകുന്നത്.

അതേസമയം, ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. മറൈന്‍ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈന്‍ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകള്‍ക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം.

പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ് പി വി രൂപീകരിക്കും. ഡിപിആര്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറല്‍ ബോഡിയും പദ്ധതി നിര്‍വ്വഹണ കമ്മിറ്റിയും രൂപീകരിക്കും. മേല്‍നോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. കിഫ്ബി ജനറല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.