മഴ നനഞ്ഞ ശേഷം ഉടൻ ചൂട് ചായ കുടിക്കുന്നത് നല്ലതാണോ?

മഴക്കാലം ആരംഭിച്ചതോടെ പനി, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളും പലരും നേരിടുന്നുണ്ട്. പുറത്തെവിടെയെങ്കിലും പോയി മഴ നനഞ്ഞ് വീട്ടിലേക്ക് തിരികെ എത്തുമ്പോൾ ചൂടോടെ ഒരു ചായ കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ മഴ നനഞ്ഞ ശേഷം ചായ കുടിക്കുന്നത് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്. മഴ നനഞ്ഞ ശേഷം ചായ പോലുള്ള ചൂടുള്ള പാനീയങ്ങൾ ഉടനടി കഴിക്കരുതെന്നാണ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. പൂനം ദുനേജ പറയുന്നത്.

മഴ നനഞ്ഞാണ് എത്തുന്നതെങ്കിൽ ആദ്യം നനഞ്ഞ വസ്ത്രങ്ങൾ മാറ്റണം. മഴ നനഞ്ഞ് വന്നാൽ ആദ്യം കുളിക്കുന്നതാണ് നല്ലത്. ഒരു ടവൽ ഉപയോഗിച്ച് തല തുടയ്ക്കുക. തലയിൽ വെള്ളം നിൽക്കുന്നത് ജലദോഷം, പനി, നീർക്കെട്ട് എന്നിവയ്ക്ക് കാരണമാകും. തുടർന്ന് ശരീരത്തിൽ ആന്റി ബാക്ടീരിയൽ ക്രീം പുരട്ടുക. ഇത് ബാക്ടീരിയയെ അകറ്റാനും അലർജി തടയാനും സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തേനോ നാരങ്ങയോ ചേർത്ത് ചൂടുള്ള ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തേനിലും നാരങ്ങയിലും വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അത് ഇൻഫ്‌ലുവൻസയെ പ്രതിരോധിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ചായയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.