സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കി തുറന്നേക്കും

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള എന്നീ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ രണ്ട് ഡാമുകളിലും ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5 സെ. മീ വീതം തുറന്നു. കല്ലടയാറ്റില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

അതേസമയം, ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ ഇടുക്കി ഡാം തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. എന്നാല്‍, പാലക്കാട് മഴ കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം ഉടന്‍ തുറക്കില്ല. രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.