തിരുവനന്തപുരം: കെ കെ രമ എംഎൽഎക്കെതിരെ നിയമസഭയിൽ നടത്തിയ എതിരായ പരാമർശത്തിൽ ഉറച്ച് സിപിഎം നേതാവ് എം എം മണി. താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പൊലീസാണ്. സഭയിൽ കിടന്നു ബഹളം ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, എം എം മണിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങി പോകുകയും ചെയ്തിരുന്നു.
ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല എന്നായിരുന്നു എം എം മണി കെ കെ രമയെ കുറിച്ച് പറഞ്ഞത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം ഉന്നയിച്ചതിനാണ് മണി കെ കെ രമയ്ക്കെതിരെ രംഗത്തെത്തിയത്. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. എം എം മണി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

