താരദമ്പതിമാരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറി; കാരണം ഇങ്ങനെ

മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രേക്ഷകരുടെ പ്രിയ നടി നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും വിവാഹിതരായത്. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ലിക്സിനായിരുന്നു ഇവരുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്സ് അവകാശം സ്വന്തമാക്കിയത്.

എന്നാല്‍, വിവാഹം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്സ് പിന്മാറിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹചിത്രങ്ങള്‍ വിഗ്‌നേഷ് ശിവന്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ് ശിവന്‍. ഇതിനാലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷമാണ് വിഘ്നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്.

ഷാരൂഖ് ഖാന്‍, രജനികാന്ത്, സൂര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്‌നേഷ് പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ വീഡിയോ സംവിധാനം ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.