ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി , യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഇസ്രയേല്‍ പ്രധാനമന്ത്രി യെയ്ര് ലാപിഡ്, യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിന്‍ സയ്യിദ് അല്‍-നഹ്യാന് എന്നിവര്‍ ആദ്യ ഐ2യു2 ഉച്ചകോടിയില്‍ പങ്കെടുക്കും. യുക്രൈനിലെ അധിനിവേശം, ഇറാന് ആണവ കരാര്‍, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ഉച്ചകോടിയില്‍ ചര്‍ച്ചയാവും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവന്മാര് ആദ്യമായാണ് ഒത്തുചേരുന്നത്.
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അര്‍ഥമാക്കുന്നത്. ഈ രാജ്യങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കൂട്ടായ്മയായി പ്രവര്‍ത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. വെള്ളം, ഊര്‍ജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപം മെച്ചപ്പെടുത്തും. അടിസ്ഥാന വികസന മേഖലകളിലെ ആധുനികവല്‍ക്കരണം, വ്യവസായങ്ങളുടെ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തല്‍, പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ഹരിത സാങ്കേതികവിദ്യയുടെ പ്രോത്സാഹനം എന്നിവയെല്ലാം ഉച്ചകോടിയില്‍ ചര്‍ച്ചയാവും. നാല് രാജ്യങ്ങള്‍ക്കും സംയുക്തമായി എന്ത് ചെയ്യാനാകുമെന്നാണ് പ്രധാനമായും ആലോചിക്കുക.
അമേരിക്കയുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ഉച്ചകോടി നടക്കുന്നതെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ചൈനയുടെ സ്വാധീനം അവസാനിപ്പിക്കുന്നതിനും യുഎസ് നോക്കുന്നുണ്ട്. 2021ല്‍ ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

