തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സ്പിരിറ്റിന്റെ വില വൻ തോതിൽ കൂടിയിരിക്കുകയാണെന്നും ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിലകൂട്ടാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്പിരിറ്റിന്റെ വില വൻ തോതിൽ കൂടിയതിനാൽ വിലയിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനകീയ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെ സ്പിരിറ്റിന്റെ വില ഉയർന്ന പശ്ചാലത്തിൽ മദ്യത്തിന്റെ വില കൂടാതെ ബെവ്കോയ്ക്ക് പിടിച്ചുനിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാർ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

