മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സ്റ്റേ ചെയ്ത് സുപ്രീം കോടതി

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡെ പക്ഷത്തിന്റെയും വാദം കേട്ട ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തൂവെന്ന് സുപ്രീം കോടതി പറഞ്ഞു.

അതേസമയം, കോടതിയുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് നടപടി സ്വീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പക്ഷത്തിലെ 39 പേരെയും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 പേരെയും അയോഗ്യരാക്കണമെന്നതാണ് ആവശ്യം. 53 ശിവസേന എംഎൽഎമാർക്ക് നിയമസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും ഇരുപക്ഷവും പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്.

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് ഷിൻഡെ പക്ഷം താക്കറെ ക്യാമ്പിലെ 14 എംഎൽഎമാർക്ക് നോട്ടീസ് അയച്ചത്. ശിവസേനയുടെ ചീഫ് വിപ്പായി സ്പീക്കർ അംഗീകരിച്ച ഭരത് ഗൊഗവാലെ നൽകിയ വിപ്പ് ലംഘിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.