രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് ശിവസേന

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് ശിവസേന. തന്റെ പാർട്ടി ‘സങ്കുചിത കാഴ്ചപ്പാട്’ പുലർത്തുന്നവരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം അറിയിച്ചത്. ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നത് ആദ്യമാണെന്നാണ് തന്റെ പാർട്ടിയിൽ ഗോത്രവിഭാഗക്കാരായ നേതാക്കൾ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനാ എംപിമാരുടെ യോഗത്തിൽ ആരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ, തങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുർമുവിനെ പിന്തുണയ്ക്കുമെന്നും എന്നാൽ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം സേന എംപിമാരുടെ നിർണായക യോഗം ചേർന്നിരുന്നു. 19 ലോക്‌സഭാ അംഗങ്ങളും മൂന്ന് രാജ്യസഭാ അംഗങ്ങളും അടക്കം 22 എംപിമാരാണ് ശിവസേനക്കുള്ളത്. ഇതിൽ ആറു പേർ ഏക്‌നാഥ് ഷിൻഡെയോടൊപ്പമാണ്.