ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല; പ്രധാനമന്ത്രി

പട്‌ന: ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതമെന്ന് അദ്ദേഹം പറഞ്ഞു. അന്യദേശങ്ങൾ സംസ്‌കാരത്തിലേക്കു പിച്ചവച്ചു നടക്കുന്ന കാലത്ത് ബിഹാറിലെ വൈശാലിയിൽ ജനാധിപത്യ ഭരണക്രമം നിലവിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാർ നിയമസഭാ മന്ദിര ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്മാരക സ്തംഭം പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. നിയമസഭാ മ്യൂസിയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.

ജനാധിപത്യ തത്വങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നതിനൊപ്പം പരിപക്വമായ ജനാധിപത്യ മാതൃകയുമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പുരോഗതിക്ക് തടസ്സം നിൽക്കുന്നതുമായ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട ഏകദേശം 1500 നിയമങ്ങൾ സമീപകാലത്ത് എടുത്തു കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.