ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി പുരാവസ്തു ഗവേഷകർ. ഇപ്പോഴുണ്ടായ വിവാദങ്ങളിൽ കഴമ്പില്ലെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പാണെന്ന് പുരാവസ്തു വകുപ്പ് മുൻ എഡിജി ബി ആർ മണി വ്യക്തമാക്കി. സാരനാഥിലെ അശോക സ്തംഭത്തിലെ സിംഹമുദ്രയുമായി വലിപ്പത്തിൽ മാത്രമാണ് പുതിയ നിർമ്മിതിക്ക് വ്യത്യാസമെന്നും അദ്ദേഹം അറിയിച്ചു.
സാരാനാഥിലെ അശോക സ്തൂപത്തിലെ സിംഹമുദ്രയുടെ മികച്ച ഒരു പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. 1905 ൽ ഖനനം ചെയ്‌തെടുത്ത അശോക സ്തൂപത്തിന്റെ തനി പകർപ്പാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. എട്ടടിയോളം വലുപ്പമാണ് യഥാർത്ഥ സിംഹമുദ്രയ്ക്ക് ഉള്ളത്. എന്നാൽ പുതിയ നിർമ്മിതിക്ക് അതിന്റെ മൂന്നിരട്ടിയോളം വലിപ്പമുണ്ട്. അശോകസ്തൂപത്തെ ചൊല്ലി വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദങ്ങളിൽ പ്രതികരണവുമായി പുതിയ നിർമ്മിതിയുടെ ശിൽപ്പി സുനിൽ ദേവ്രയും രംഗത്തെത്തിയിട്ടുണ്ട്. വലിയ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതിനായി ഹൈദരാബാദിലും ബംഗലൂരുവിലും പട്‌നയിലും സഞ്ചരിച്ചു. തികഞ്ഞ ആത്മാർത്ഥതയോടെയാണ് സ്തൂപം നിർമ്മിച്ചത്. വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അശോക സ്തംഭത്തിന്റെ യഥാർത്ഥ പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിക്കാൻ താൻ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാരാനാഥിലെ സ്തൂപത്തിലെ സിംഹങ്ങളുടെ ഭാവം സൗമ്യമാണെന്നും, എന്നാൽ പുതിയ ദേശീയ ചിഹ്നത്തിലെ ഭാവം രൗദ്രമാണെന്ന കോൺഗ്രസിന്റെ വിമർശനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ഈ വാദത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ്, എ ഐ എം ഐ എം, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

