കലാപാഹ്വാനം; ഇപി ജയരാജനും പികെ ശ്രീമതിയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മുൻമന്ത്രി പി കെ ശ്രീമതി എന്നിവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി പൊതുപ്രവർത്തകനായ പായിച്ചറ നവാസ്. കന്റോൺമെന്റ് പോലീസിലാണ് നവാസ് ഇവർക്കെതിരെ പരാതി നൽകിയത്. എകെജി സെന്ററിനു നേരേയുണ്ടായ സ്‌ഫോടനത്തിൽ പ്രതികരിച്ച സംഭവത്തിലാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

എകെജി സെന്ററിൽ എറിഞ്ഞത് ബോംബാണെന്നും ഭീകരാക്രമണം ആസൂത്രണം ചെയ്തത് കോൺഗ്രസാണെന്നുമായിരുന്നു ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നത്. വലിയ ശബ്ദം കേട്ടതായി ശ്രീമതിയും പറഞ്ഞിരുന്നു. ഈ പരാമർശങ്ങളുടെ ഫലമായി സംസ്ഥാനത്താകെ കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നുണ്ട്. ഫോറൻസിക് പരിശോധനയിൽ എറിഞ്ഞത് ബോംബല്ല, വീര്യം കുറഞ്ഞ ഏറുപടക്കമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും നവാസ് നൽകിയ പരാതിയിൽ വിശദീകരിക്കുന്നു.

അതേസമയം, എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്ത വിഷയത്തിൽ പ്രതികരണവുമായി നേരത്തെ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്ന് ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതി. വിഷയത്തിൽ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തും. കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമ്മിക്കാനും എറിയാനും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.