വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുക്രൈൻ സംഘർഷത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച് രാജ്യത്തേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്ന് അനുഭാവപൂർണമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.