തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അതേസമയം, തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20 ന് രാവിലെ 10 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.

