പടം എടുത്ത് പോയാല്‍ പോര, കേന്ദ്രമന്ത്രിമാര്‍ ദേശീയപാതകളിലെ കുഴികള്‍ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: പൂര്‍ത്തിയാകാറായ പദ്ധതികള്‍ക്ക് മുന്നില്‍ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണമെന്ന് പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്.

മന്ത്രിയുടെ വാക്കുകള്‍

കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളം നല്‍കിയത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. വികസനത്തിന്റെ എവര്‍റോളിംഗ് ട്രോഫി ആഗ്രഹിച്ചല്ല ഇത്. കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ സഭയില്‍ ബിജെപി പ്രതിനിധി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രകോപനം ഉണ്ടാകും. അവരില്ലാത്ത സഭയില്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രകോപനം ഉണ്ടായി? പ്രകോപനം ഉണ്ടായാല്‍ എനിക്കൊന്നും ചെയ്യാനില്ല’- റിയാസ് പറഞ്ഞു. വിഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം നിലനില്‍ക്കെയാണ് ഈ പരാമര്‍ശം

എന്നാല്‍, ദേശീയ പാത വികസനം നടക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് യുപിഎ സര്‍ക്കാര്‍ ആണ്. ദേശീയ പാത വികസനത്തില്‍ പ്രതിപക്ഷം സഹകരിക്കുമ്പോള്‍ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.