തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്കെന്തിനാണ് ഇത്ര അസ്വസ്ഥതയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ചോദിച്ചു. കഴക്കൂട്ടം ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച ജയ്ശങ്കറിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി. മുരളീധരന്‍.
‘വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല. അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണം. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ജനങ്ങളുമായി സംവദിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്ര ജയ്ശങ്കര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും. ജനങ്ങള്‍ ഇത്രയും ദുരിതത്തിലായിരിക്കുമ്പോള്‍ പോലും തിരിഞ്ഞ് നോല്‍ക്കാത്ത ഒരു മുഖ്യമന്ത്രിക്ക് ജനക്ഷേമം അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി പോകുന്നതില്‍ അത്ഭുതമുണ്ടാകുന്നതില്‍ കൗതുകമില്ല. വിദേശകാര്യ മന്ത്രി എന്നു പറഞ്ഞാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രി എന്നാണ് നമ്മുടെ മുഖ്യമന്ത്രി ധരിച്ചിട്ടുള്ളതെങ്കില്‍ ആ ധാരണയൊന്ന് തിരുത്തണം. വകുപ്പുകള്‍ക്കപ്പുറത്ത് കേന്ദ്ര മന്ത്രിമാര്‍ക്ക് ഈ സര്‍ക്കാറിന്റെ പദ്ധതികളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കാനുമുള്ള ചുമതലയുണ്ട്. പദ്ധതികള്‍ കാണാന്‍ പോകുന്നതില്‍ എന്തിനാണ് ഇത്ര അസ്വസ്ഥത എന്ന് എനിക്ക് മനസ്സിലാകുന്നില്ല’- അദ്ദേഹം പറഞ്ഞു.

