തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ സബ്മിഷന് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷൻ ശ്രമത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.
സബ്മിഷൻ നോട്ടീസിൽ ക്രമപ്രശ്നമുണ്ട്. അനുമതി നൽകിയാൽ അത് ചട്ടവിരുദ്ധമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യത്തിനാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും പി രാജീവ് അഭിപ്രായപ്പെട്ടു. ഇതോടെയാണ് നോട്ടീസിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി സ്പീക്കർ സബമിഷന് അനുമതി നിഷേധിച്ചത്.
അതേസമയം, സ്വർണക്കടത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറുണ്ടോ എന്നതാണ് ചോദ്യംമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സബ്മിഷൻ സ്പീക്കർ അംഗീകരിച്ച് ഒന്നാമതായി പട്ടികയിൽ വന്നതാണ്. പക്ഷേ ചോദ്യത്തേയും ചർച്ചയേയും സർക്കാരും മുഖ്യമന്ത്രിയും ഭയപ്പെടുന്നു. സബ്മിഷൻ അവതരിപ്പിക്കാൻ അവസരം നൽകാതിരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന്അദ്ദേഹം അറിയിച്ചു.
ബജറ്റിൽ തദ്ദേശസ്വയംസ്ഥാപനങ്ങൾക്ക് അനുവദിച്ച തുക പ്രത്യേക ഉത്തരവിലൂടെ സർക്കാർ വെട്ടിക്കുറച്ചു. സർക്കാരിന്റെ അനാസ്ഥ കാരണം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവരെ അന്തിമ വാർഷിക പദ്ധതി രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

